സന്നിധാനത്ത് മണ്ഡല-മകരവിളക്ക് കാലത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്‌പെൻസറി സേവനം


മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിൽ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. മലകയറ്റത്തിന് എത്തുന്ന അയ്യപ്പഭക്തർക്കും സന്നിധാനത്തിൽ സേവനം നൽകുന്ന ജീവനക്കാർക്കും ഒരുപോലെ ആശ്വാസം നൽകുന്ന കേന്ദ്രമായി ഇത് മാറിയിരിക്കുന്നു. പ്രതിദിനം ആയിരത്തിലധികം പേർ ചികിത്സ തേടി എത്തുന്ന ഈ ഡിസ്‌പെൻസറിയിൽ ഏഴ് ഡോക്ടർമാരും നാല് തെറാപ്പിസ്റ്റുകളും മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളുമടങ്ങിയ 20 ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. ഡിസ്‌പെൻസറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് ചാർജ് മെഡിക്കൽ ഓഫീസർ ഡോ. ഷൈൻ അറിയിച്ചു.

മലകയറ്റം മൂലമുള്ള പേശിവലിവ്, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചകർമ്മ, മർമ്മ ചികിത്സ എന്നിവ ഡിസ്‌പെൻസറിയിൽ നൽകുന്നു. കൂടാതെ, സന്നിധാനത്തെ തണുപ്പും തിരക്കും മൂലം പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും ഉണ്ടാകുന്ന പനി, ശ്വാസകോശ അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭിക്കുന്നു. മരുന്നുകൾക്കൊപ്പം ഫ്യൂമിഗേഷൻ, ആവി പിടിക്കൽ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പതിനെട്ടാം പടിയിൽ ഭക്തരെ കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടാകുന്ന ചുമലുവേദനക്കും വിദഗ്ദ്ധ തെറാപ്പിസ്റ്റുകളുടെ പരിചരണം ലഭിക്കുന്നു. തിരക്കേറിയ കാലയളവിൽ എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന മൂന്ന് ഡിസ്പെൻസറികളും മണ്ഡല–മകരവിളക്ക് കാലം അവസാനിക്കുന്നത് വരെ പ്രവർത്തിക്കും.

أحدث أقدم