ഉറക്കത്തിൽ അച്ഛനും അമ്മയ്ക്കും ഇടയിൽ ഞെരുങ്ങി ശ്വാസം മുട്ടി; 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം


ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി നവജാത ശിശു മരിച്ചു. ബുധനാഴ്ചയാണ് പൊലീസും കുടുംബാംഗങ്ങളും ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ അംറോഹയിലെ ഗജ്‌റൗള മേഖലയിലാണ് സംഭവം. നവംബർ 10ന് ജനിച്ച സുഫിയാൻ സദ്ദാം അബ്ബാസിയുടെയും (25) ഭാര്യ അസ്മയുടെയും ഏകമകനായിരുന്നു. ശനിയാഴ്ച രാത്രി ദമ്പതികൾ കുഞ്ഞിനെ തങ്ങൾക്കിടയിൽ കിടത്തിയ ശേഷം ഉറങ്ങാൻ കിടന്നു. രാത്രിയിൽ ഉറക്കത്തിൽ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നപ്പോൾ 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അവർക്കിടയിൽപ്പെട്ട് പോവുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

ഞായറാഴ്ച രാവിലെ കുഞ്ഞിന് ഭക്ഷണം നൽകാനായി അസ്മ ഉണർന്നപ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നു. സദ്ദാം ഉടൻ തന്നെ ഗജ്‌റൗള കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ജനിച്ചപ്പോൾ മുതൽ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യ നില കൂടുതൽ വഷളായിരുന്നു. കുഞ്ഞിന് ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ അറിയിച്ചു.

أحدث أقدم