അഞ്ചു വയസുകാരൻ ഒറ്റയ്ക്ക് വീട്ടിൽ നിന്നിറങ്ങി നടന്നത് 3 കിലോമീറ്റർ ദൂരം: സെക്യൂരിറ്റി ജീവനക്കാരന് സംശയം തോന്നി പോലീസിൽ അറിയിച്ചു: പോലീസ് കുട്ടിയെ വീട്ടുകാർക്ക് കൈമാറി.




ആലുവ: ദേശം പുറയാറിലെ വീട്ടില്‍ നിന്നും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പുറത്തിറങ്ങിയ അഞ്ച് വയസ്സുകാരൻ ഓടിയത് ഏകദേശം മൂന്ന് കിലോ മീറ്ററോളം.

ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ട് മുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. പരിഭ്രാന്തിയിലായ വീട്ടുകാർ സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആദ്യം അടുത്തുള്ള വീടുകളും വഴികളും പരിശോധിച്ചെങ്കിലും യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ നെടുമ്ബാശ്ശേരി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ വ്യാപകമാക്കി.

പൊലീസും ബന്ധുക്കളും വീട്ടുകാരും ചേർന്ന് കുട്ടിയെ തിരയുന്നതിനിടെ മൂന്ന് കിലോമീറ്റർ ദൂരെയുള്ള ദേശം മംഗലപ്പുഴ പാലത്തിന് സമീപത്ത് നിന്നും കുട്ടിയെ കണ്ടെത്തിയത്. മംഗലപ്പുഴ പാലത്തിന് സമീപമുള്ള ഒരു ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയെ കണ്ടെത്തിയത്.ഒരു ചെറിയ കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്നത് കണ്ട് സംശയം തോന്നിയ ഇദ്ദേഹം കുട്ടിയെ തടഞ്ഞു. പിന്നീട് കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചു. കുട്ടി ഒറ്റക്കാണെന്ന് മനസിലാക്കിയ ഇദ്ദേഹം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.ദേശം-കാലടി റോഡിലൂടെ നടന്ന് ദേശീയ പാതയിലേക്ക് പ്രവേശിച്ച സമയത്താണ് കുട്ടിയെ കണ്ടെത്തിയത്. പോലീസ് എത്തി കുട്ടിയുമായി സംസാരിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച ശേഷം കുട്ടിയെ സുരക്ഷിതമായി രക്ഷിതാക്കള്‍ക്ക് കൈമാറി.

Previous Post Next Post