
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി എസ്‌ഐആർ എസ്ഐആർ എന്യൂമറേഷൻ ഫോം തിരികെ ചോദിച്ച പോളിംഗ് ബൂത്ത് ലെവൽ ഓഫീസർക്ക് (ബിഎൽഒ) ക്രൂരമായ മർദ്ദനം. കൊല്ലം അമ്പലംകുന്ന് നെട്ടയത്താണ് സംഭവം. 23-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയ ആദർശിനാണ് അജയൻ എന്നയാൾ ഫോം നൽകാതെ കൈയേറ്റം ചെയ്യുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതിനെത്തുടർന്ന് പരിക്കേറ്റത്.
ജോലിയുടെ ഭാഗമായി ആദർശ് ഏഴാം തവണയാണ് അജയന്റെ വീട്ടിൽ ഫോം വാങ്ങാൻ എത്തിയത്. ഈ സമയത്താണ് വീട്ടുടമസ്ഥൻ പ്രകോപിതനാകുകയും ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തതെന്ന് ബിഎൽഒ പോലീസിന് മൊഴി നൽകി. എത്ര തവണ വന്നാലും ഫോം തിരികെ തരില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആദർശ് പറയുന്നു. നിരവധിപേർ നോക്കി നിൽക്കെയാണ് ഉദ്യോഗസ്ഥനെതിരെ ആക്രമണം ഉണ്ടായത്.
പൊല്ലൂരിലെ പിഡബ്ല്യുഡി ഓഫീസിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുന്ന ആദർശ്, അക്രമി നാട്ടിലെ പൊതുശല്യമാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൂയപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.