കോട്ടയം ജില്ലയിലെ 6 നഗരസഭകളിലും അധികാരത്തിലെത്തി യുഡിഎഫ് കരുത്തുകാട്ടി.



കോട്ടയം: ജില്ലയിലെ 6 നഗരസഭകളിലും അധികാരത്തിലെത്തി യുഡിഎഫ് കരുത്തുകാട്ടി. കോട്ടയം, പാലാ, ചങ്ങനാശേരി, ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂർ എന്നീ നഗരസഭകളില്‍ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റുവെള്ളിയാഴ്ച രാവിലെ തന്നെ നഗരസഭകളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഉച്ചകഴിഞ്ഞാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു നടന്നത്.കോട്ടയത്ത് കോണ്‍ഗ്രസിലെ മുതിർന്ന അംഗം എം.പി. സന്തോഷ് കുമാർ നഗരസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം നഗരസഭയില്‍ ചെയർമാൻ സ്ഥാനം കോണ്‍ഗ്രസിലെ 3 പേർക്കാണ് വീതം വയ്ക്കുന്നത്. എം.പി. സന്തോഷ് കുമാർ ആദ്യ ടേമില്‍ ചെയർമാനാകും. കോണ്‍ഗ്രസിലെ ഷീബ പുന്നൻ വൈസ് ചെയർ പേഴ്‌സണായി.

കോണ്‍ഗ്രസിനുള്ളിലെ ധാരണ പ്രകാരം രണ്ടര വർഷം സന്തോഷ് കുമാറും ഇതിനു ശേഷമുള്ള ഒന്നര വർഷം ടി.സി. റോയിയും, അവസാനത്തെ ഒരു വർഷം ടോം കോര അഞ്ചേരിയും നഗരസഭാ അധ്യക്ഷന്മാരാകും.ഏറ്റുമാനൂർ നഗരസഭയില്‍ ടോമി കുരുവിള പുളിമാംതുണ്ടം (കോണ്‍ഗ്രസ് ) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ പുഷ്‌പ വിജയകുമാറാണ് വൈസ് ചെയർപേഴ്‌സണ്‍. ചെയർമാൻ, വൈസ് ചെയർപേഴ്‌സണ്‍ സ്ഥാനങ്ങള്‍ പങ്കുവയ്ക്കല്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ധാരണയിലാണ്.ഇരുസ്ഥാനങ്ങളും 4 വർഷം കോണ്‍ഗ്രസിനും ഒരു വർഷം കേരള കോണ്‍ഗ്രസിനും എന്ന നിർദേശമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഒരു വർഷമെന്നത് കൂട്ടി നല്‍കണമെന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യത്തിന് മേല്‍ ചർച്ച തുടരുകയാണ്. കോണ്‍ഗ്രസ് ഇരു സ്ഥാനങ്ങളും 2 പേർക്കായി പങ്കുവയ്ക്കും.

ചങ്ങനാശേരി നഗരസഭയില്‍ ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് ഭരിക്കും. കോണ്‍ഗ്രസ് അംഗങ്ങളായ ജോമി ജോസഫിനെ ചെയർമാനും നെജിയ നൗഷാദിനെ വൈസ് ചെയർപേഴ്‌സണായും തെരഞ്ഞെടുത്തു.

രണ്ടാം ടേമില്‍ കോണ്‍ഗ്രസ് അംഗം മാർട്ടിൻ സ്‌കറിയക്ക് ചെയർമാൻ സ്ഥാനം നല്‍കും, അടുത്ത ടേമുകളില്‍ കോണ്‍ഗ്രസിലെ അംബിക വിജയൻ, ഷൈനി ഷാജി എന്നിവർക്കും വൈസ് ചെയർപേഴ്‌സണ്‍ സ്ഥാനം നല്‍കും. കേരളകോണ്‍ഗ്രസിലെ സന്തോഷ് ആന്‍റണിക്കും ഒരു ടേമില്‍ ചെയർമാൻ സ്ഥാനം നല്‍കും, യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന മോൻ പുളിമൂട്ടില്‍, സന്ധ്യ മനോജ് എന്നിവർക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നല്‍കും. എല്‍ഡിഎഫില്‍ സിപിഎമ്മിന് 9 സീറ്റുകള്‍ മാത്രമാണുള്ളത്. 8 അംഗങ്ങളുള്ള എൻഡിഎയുടെ ചെയർമാൻ സ്ഥാനാർഥിയായി എൻ.പി. കൃഷ്‌ണകുമാറും വൈസ് ചെയർപേഴ്സണ്‍ സ്ഥാനാർഥിയായി പ്രസന്നകുമാരി ടീച്ചറും മത്സരിച്ചു.

ഈരാറ്റുപേട്ട നഗരസഭയില്‍ മുസ്ലീം ലീഗിലെ വി.പി. നാസർ ചെയർമാനും കോണ്‍ഗ്രസിലെ ഫാത്തിമ അൻസർ വൈസ് ചെയർപഴ്‌സണുമായി സത്യപ്രതിജ്ഞ ചെയ്തു. 5 അംഗങ്ങളുള്ള കോണ്‍ഗ്രസിന് അവസാനത്തെ 15 മാസം പ്രസിഡന്‍റ് സ്ഥാനം നല്‍കാനും ധാരണയായി.

വൈക്കം നഗരസഭയില്‍ അബ്ദുല്‍സലാം റാവുത്തർ ചെയർ‌മാനായി സ്ഥാനമേറ്റു. ചെയർമാൻ സ്ഥാനം കോണ്‍ഗ്രസിലെ 3പേർക്കായി വീതം വയ്ക്കും. ആദ്യ 3 വർഷം അബ്ദുല്‍സലാം റാവുത്തർ ചെയർ‌മാനാകും. അടുത്ത ഓരോ വർഷം ഇടവട്ടം ജയകുമാർ, പി.ഡി. പ്രസാദ് എന്നിവർ ചെയർമാൻമാരാകും. ഇത് സംബന്ധിച്ച്‌ ജില്ലാ നേതൃത്വമാണ് തീരുമാനമെടുത്തത്. വൈസ് ചെയർമാൻ സ്ഥാനവും 3പേർക്കായി നല്‍കും. കോണ്‍ഗ്രസിലെ രേണുക രതീഷിന് 2വർഷവും വിജിമോള്‍ക്കും സൗദാമിനി അഭിലാഷിനും ഒന്നര വർഷം വീതവും നല്‍കാനാണ് ധാരണ. ആദ്യ തവണ സൗദാമിനി അഭിലാഷിന് വൈസ് ചെയർ പേഴ്സണ്‍ സ്ഥാനം നല്‍കി.

ഏറെ അനിശ്ചിതത്വം നിലനിന്ന പാലാ നഗരസഭയില്‍ 4 സ്വതന്ത്രരുടെ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലെത്തി. പുളിക്കക്കണ്ടം കുടുംബത്തിലെ 3 കൗണ്‍സിലർമാരുടെ പിന്തുണ യുഡിഎഫിന് ലഭിച്ചു. ദിയ ബിനു പുളിക്കക്കണ്ടം ചെയർപേഴ്സണായി സ്ഥാനമേറ്റു. ഇതോടെ 21കാരിയായ ദിയ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി. യുഡിഎഫിന് പിന്തുണ നല്‍കിയ സ്വതന്ത്ര സ്ഥാനാർഥി മായ രാഹുലാണ് വൈസ് ചെയർപേഴ്‌സണ്‍.

ഇതോടെ ആദ്യമായി പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ്(എം) പ്രതിപക്ഷ സ്ഥാനത്തായി. ചെയർപേഴ്‌സണ്‍ സ്ഥാനം രണ്ടരവർഷം വീതം പങ്കിടും. ആദ്യടേമില്‍ ദിയ ബിനുവും രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുലും ചെയർപേഴ്‌സണ്‍ ആകും. പാലാ നഗരസഭയില്‍ ബിനു പുളിക്കക്കണ്ടം, ബിനുവിന്‍റെ സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകള്‍ ദിയ എന്നിവരാണ് സ്വതന്ത്രമായി വിജയിച്ചത്. നഗരസഭയിലെ 13, 14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്
Previous Post Next Post