
തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് വൈറലായ ‘പോറ്റിയേ കേറ്റിയേ’ എന്ന ഗാനത്തിൻ്റെ പിന്നണിക്കാർക്കെതിരെ മതവികാരം വൃണപ്പെടുത്തി എന്ന ഗുരുതരകുറ്റം ചുമത്തി കേസെടുത്തിട്ടും പുരോഗമനക്കാരെന്ന് നടിക്കുന്ന ഇവരാരും അപലപിക്കാൻ പോലും തയ്യാറായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിൻ്റെ സാംസ്കാരിക നിലപാടുകൾക്കെതിരെ പ്രതിഷേധവും സമരവും നടത്തുന്ന കേരളത്തിലെ ഇടതുപക്ഷ എഴുത്തുകാർ ഇപ്പോൾ സമ്പൂർണ മൗനത്തിലാണ്. നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദിച്ച് ജനമനസുകളെ ഉത്തേജിപ്പിക്കാൻ ബാധ്യതയുള്ളവരാണ് മാളത്തിലൊളിക്കുന്നത്.
സാംസ്‌കാരിക നായകന്മാരായി വിരാജിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മിനെ പിന്‍പറ്റി നില്‍ക്കുന്നവരാണ്. അതാതു കാലങ്ങളിലെ പാര്‍ട്ടി നിലപാടുകളായിരിക്കും ഇവരുടെ അഭിപ്രായമായി പുറത്തുവരുന്നത്. പാര്‍ട്ടിക്ക് അഹിതമെന്ന് തോന്നിയേക്കാവുന്ന വിഷയങ്ങളിൽ ഇവര്‍ പ്രത്യേകിച്ച് അഭിപ്രായ പ്രകടനമൊന്നും നടത്താറില്ല. എല്ലാ അർത്ഥത്തിലും സിപിഎമ്മിൻ്റെ പോഷക സംഘടനയായിട്ടാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം കാലങ്ങളായി ഉയരുന്നതാണ്.