ഒടുവിൽ റെയിൽവെക്കെതിരായ നിയമപോരാട്ടം വിജയം കണ്ടു; ഹൈക്കോടതി വിധി തന്നെപ്പോലെയുള്ളവർക്ക് ആശ്വാസകരം, സിദ്ധാർത്ഥ്


നഷ്ടപരിഹാരം നല്‍കാനുള്ള ഹൈക്കോടതി വിധി തന്നെപ്പോലെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ആശ്വാസകരമാണെന്ന് ട്രെയിനില്‍ നിന്ന് വീണ് ഇരുകാലുകളും നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഗവേഷക വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ്. താന്‍ വരുത്തിവെച്ച അപകടം എന്ന നിലയിലായിരുന്നു സംഭവത്തെ ആദ്യം നോക്കിക്കണ്ടത്. റെയില്‍വെ ക്ലെയിംസ് ട്രിബ്യൂണലും ആ രീതിയിലാണ് കണ്ടത്. എന്നാല്‍ ഹൈക്കോടതിയുടെ മുന്നിലേക്ക് വിഷയം വന്നപ്പോള്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വിധിക്കുകയായിരുന്നു. തന്റെ അശ്രദ്ധകൊണ്ടാണ് അപകടം ഉണ്ടായതെങ്കിലും മനപൂര്‍വം വരുത്തിയതല്ല എന്ന് കോടതി വിലയിരുത്തി. ഇത് ഏറെ ആശ്വാസം നല്‍കുന്നതാണെന്ന് സിദ്ധാര്‍ത്ഥ് മാധ്യമങ്ങളോട്  പറഞ്ഞു.

സുഹൃത്തുകൂടിയായ അഭിഭാഷകന്‍ മുഹമ്മദ് ഇബ്രാഹിമിന്റെ നിർദേശത്തെ തുടർന്നാണ് ട്രിബ്യൂണലിനെ സമീപിക്കാന്‍ തീരുമാനിച്ചത്. ട്രിബ്യൂണലില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിരീക്ഷണം ട്രെയിനില്‍ ഓടിക്കയറാന്‍ നിര്‍ബന്ധിതരാകുന്ന മനുഷ്യര്‍ക്ക് കൂടി ആശ്വാസം പകരുന്ന പരാമര്‍ശമാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇന്നലെയായിരുന്നു സിദ്ധാര്‍ത്ഥിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സിദ്ധാര്‍ത്ഥിന് എട്ട് ലക്ഷം രൂപ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ചായിരുന്നു സിദ്ധാര്‍ത്ഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

أحدث أقدم