അവസാന മണിക്കൂർ ആവേശം; ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം നിലച്ചു


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ വിരാമം. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് വടക്കൻ ജില്ലകളിലാണ് വൈകിട്ട് ആറ് മണിയോടെ പ്രചാരണത്തിന്റെ തിരശ്ശീല താഴ്ന്നത്.

വോട്ടെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ശേഷിക്കെ, ഓരോ വോട്ടറെയും നേരിൽ കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. കൊട്ടിക്കലാശം സമാധാനപരമായിരിക്കണം എന്നും ക്രമസമാധാന ലംഘനങ്ങൾ ഉണ്ടാകരുത് എന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കർശന നിർദ്ദേശം നൽകിയിരുന്നു.

2026-ലെ നിർണ്ണായക നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് സംസ്ഥാനം ഈ തദ്ദേശ പോരാട്ടത്തെ കാണുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ ഏകദേശം അഞ്ച് മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, ഈ ജനവിധി മുന്നണികൾക്ക് ഏറെ നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ എല്ലാ പാർട്ടികളും വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

തുടർഭരണത്തിനായി എൽഡിഎഫും, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ യുഡിഎഫും, കൂടാതെ നിർണായക ശക്തിയായി വളരാൻ ബിജെപിയും തന്ത്രങ്ങൾ മെനഞ്ഞാണ് പോരാട്ടത്തിനിറങ്ങിയത്. ശബരിമല സ്വർണക്കൊള്ള വിവാദം സിപിഎമ്മിനെതിരെയുള്ള ശക്തമായ ആയുധമായി യുഡിഎഫും ബിജെപിയും പ്രചാരണരംഗത്ത് ഉപയോഗിച്ചു.

Previous Post Next Post