
തിരുവനന്തപുരത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവാനിലാണ് തീപിടിത്തം ഉണ്ടായത്. മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ സമീപ പ്രദേശങ്ങളിലേക്ക് പടരുകയും രണ്ട് സർക്കാർ വാഹനങ്ങൾ കത്തി നശിക്കുകയും ചെയ്തു. ഇന്ന് രാവിലെ അഞ്ചുമണിയോടെയായിരുന്നു സംഭവം. പ്രദേശവാസികളാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഫയർഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന കാറും പുതിയ കാറുമാണ് പൂർണമായി കത്തിനശിച്ചത്. മൂന്നാമത്തെ വാഹനത്തിലേക്ക് തീ പടരുന്നതിന് മുൻപുതന്നെ തീ അണക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മാലിന്യം കത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതാണോ തീ പടരാൻ കാരണമെന്നും അന്വേഷണം നടക്കുന്നുണ്ട്.
മറ്റൊരു സംഭവത്തിൽ ചേർത്തലയിൽ നഗരമധ്യത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ബേക്കറിയിൽ വൻ തീപിടുത്തം. വയലാർ സ്വദേശി മൻസൂറിന്റ ഉടമസ്ഥതയിലുള്ള ‘ഫൈവ് സ്റ്റാർ’ ബേക്കറിക്കാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ തീപിടിച്ചത്. ബേക്കറിയുടെ മുകൾനിലയിലെ ബോർമ്മയിൽ നിന്ന് പടർന്ന തീ ഗ്യാസ് സിലിണ്ടറിലേക്ക് ബാധിക്കുകയും തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടന ശബ്ദം കേട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. ഉടൻ തന്നെ ചേർത്തലയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.