
..തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നൈ വിമാനത്താവളത്തിൽ നിലത്ത് വീണു. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ചിനായി മലേഷ്യയിൽ നിന്ന് തിരികെ ചെന്നൈയിൽ എത്തിയപ്പോഴായിരുന്നു ആരാധകരുടെ നിലവിട്ടുള്ള പ്രവർത്തി. വിജയ് വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ തന്നെ ആരാധകർ വട്ടം കൂടുകയായിരുന്നു, അങ്ങിനെയുണ്ടായ തിക്കിലും തിരക്കിലുമാണ് കാറിൽ കയറുന്നതിനിടെ സ്റ്റെപ്പിൽ തട്ടി വിജയ് നിലത്തുവീണത്. ഒപ്പമുണ്ടായിരുന്ന ആളുകൾ ഉടൻ തന്നെ പിടിച്ച് കാറിൽ കയറ്റാൻ സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ആദ്യഘട്ടത്തിൽ സുരക്ഷാസേന ആരാധകരെ നിയന്ത്രിച്ചിരുന്നുവെങ്കിലും വിജയ് പുറത്തെത്തിയതോടെ സാഹചര്യം കൈകാര്യം ചെയ്യാൻ സേനയ്ക്ക് കഴിഞ്ഞിരുന്നില്ല. അപകടത്തിൽ വിജയ്ക്ക് പരുക്കുകൾ ഇല്ല.