
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചു സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവന. വിസി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽ ഭിന്നത ഉണ്ടായില്ലെന്നാണ് വിശദീകരണം. സമവായത്തിനു മുൻകൈ എടുത്തത് ഗവർണറാണെന്നും കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ യോഗത്തിൽ ഉയർന്ന വിമർശനത്തിൽ നിഷേധക്കുറിപ്പുമായാണ് പാർട്ടി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ വിമർശനങ്ങളിൽ മാധ്യമങ്ങളെ പഴിച്ചുകൊണ്ടാണ് പ്രസ്താവനയെന്നുള്ളതും ശ്രദ്ധേയമാണ്. ഗവർണറുമായി സമവായത്തിലെത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മിനുള്ളിൽ എതിർസ്വരം ഉയർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിസി നിയമന സമവായം ഗുണം ചെയ്യില്ലെന്ന് നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.