കോതമംഗലം: മൂവാറ്റുപുഴ റോഡിൽ ബൈക്കപടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് സാരമായ പരിക്ക്. പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ് ബിസിഎ ഫൈനൽ വിദ്യാർഥികളാണ്. ആലപ്പുഴ ചക്കുളത്തുകാവ് ഭാഗത്ത് താമസിക്കുന്ന വിഷ്ണു (21) ആണ് മരിച്ചത്. കൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആരോമൽ (20), ആദിത്യൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9 ഓടെ കാരക്കുന്നത്തിനും കക്കടാശ്ശേരിക്കും മധ്യേയാണ് അപകടം.
മൂവാറ്റുപുഴയിലേക്ക് ഭക്ഷണം കഴിക്കാനായി പോകുകയായിരുന്നു മൂവരും. ഓടികൂടിയ നാട്ടുകാരാണ് മൂവരേയും മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചത്. വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ബൈക്കിന് സമീപം തടികയറ്റി വന്ന ഒരു ലോറി നിർത്തിയിട്ടിട്ടുണ്ട്. ബൈക്കും ലോറിയും ഇടിച്ചാണ് അപകടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകട കാരണം പൊലീസ് അന്വേഷിച്ച് വരുന്നു. മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ച ആരോമലിനെയും ആദിത്യനെയും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആദിത്യൻ അബോധവസ്ഥയിലാണ്. കാല് ഒടിഞ്ഞ ആരോമൽ ബോധം പൂർണമായും വീണ്ടെടുത്തിട്ടില്ലെന്നാണ് വിവരം.