കണ്ണൂർ : രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലെ ഉള്ളടക്കം. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ മക്കൾക്ക് അമ്മയ്ക്കൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജീവിതം മടുത്തെന്നും ഇങ്ങനെ മുന്നോട്ട് പോവാൻ കഴിയില്ലെന്നും കലാധരൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നുണ്ട്.
ഇന്നലെ രാത്രിയാണ് രണ്ടും ആറും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം കലാധരനും അമ്മയും വീട്ടിൽ തൂങ്ങിമരിച്ചത്. ഭാര്യയുമായി അകന്ന് കഴിയുന്നതിനാൽ മക്കളുടെ സംരക്ഷണം സംബന്ധിച്ച തർക്കം കോടതി കയറിയതാണ് കുടുംബ പ്രശ്നം രൂക്ഷമാക്കിയത്. അതേസമയം, നാല് പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിട്ടുള്ളത്. കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.