ഭര്‍ത്താവിന്റെ പേര് പട്ടികയില്‍ ഉണ്ടെങ്കിലും ഭാര്യയെ കണ്ടെത്താന്‍ കഴിയുന്നില്ല,എസ്‌ഐആര്‍ പട്ടികയെക്കുറിച്ച് സുപ്രീം കോടതിയിൽ കേരളം





ന്യൂഡൽഹി : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ കേരളത്തിലെ 25 ലക്ഷം പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍. ചിലയിടങ്ങളില്‍ ഭര്‍ത്താവിന്റെ പേര് പട്ടികയില്‍ ഉണ്ടെങ്കിലും ഭാര്യയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഡിസംബര്‍ അവസാനം വരെ എസ്‌ഐആര്‍ നടപടികള്‍ നീട്ടണമെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എസ്‌ഐആര്‍ സമയ പരിധി നീട്ടാന്‍ താഴെ തട്ടിലെ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നിവേദനത്തില്‍ അനുഭാവ പൂര്‍വ്വമായ നിലപാട് സ്വീകരിക്കാന്‍ കമ്മിഷനോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. 

സമയം നീട്ടണമെന്ന കേരളത്തില്‍ നിന്നുള്ള ആവശ്യത്തില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് കമ്മിഷനും സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിലെ പട്ടികയില്‍ നിന്ന് 25 ലക്ഷം പേരുകളാണ് പുറത്ത് പോകുന്നത് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.  ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ രഞ്ജിത്ത് കുമാര്‍, പി വി സുരേന്ദ്ര നാഥ്, അഭിഭാഷകന്‍ ജി പ്രകാശ് എന്നിവര്‍ ഹാജരായി. 
أحدث أقدم