
എതിരെ വന്ന ടോറസ്സ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കോട്ടത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. ഭരണിക്കാവ് സിനിമ പറമ്പിൽ പുലർച്ചെയോടെയായിരുന്നു അപകടം. ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടം. ടോറസ് ലോറി സുലജ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം അല്പ ദൂരം വലിച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ടോറസ് ലോറി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇടിയിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകട സാധ്യത കൂടുതലായ ഈ പ്രദേശത്ത് തലനാരിഴക്കാണ് മുൻപ് പല അപകടങ്ങളും തെന്നി മാറിയത് എന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്ത് അപായ സൂചന ബോർഡുകൾ അടക്കം സ്ഥാപിക്കണമെന്നാണ് ആവശ്യം.