
ഗുജറാത്ത് സൂറത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി വിദ്യാർത്ഥി ചികിത്സയ്ക്കിടെ മരിച്ചു. തൃശ്ശൂർ സ്വദേശിയായ അദ്വൈത് എം നായർ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് കെട്ടിടത്തില്‍ നിന്ന് ചാടി അദ്വൈത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണം സ്ഥിരീകരിച്ചു. എൻജിനീയറിംഗ് വിദ്യാർത്ഥിയാണ് അദ്വൈത്.
അതേസമയം വിദ്യാർത്ഥിക്ക് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് സഹപാഠികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ചികിത്സാ പിഴവ് ഇതുവരെ കണ്ടെത്താൻ സാധിച്ചില്ലെന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു. 24 മണിക്കൂറും കോളേജിൽ മെഡിക്കൽ സേവനം ഉണ്ടാകുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിന് പിന്നാലെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു. അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം ഹോസ്റ്റൽ വാർഡിനെതിരെ ആവശ്യമെങ്കിൽ നടപടി ഉണ്ടാകുമെന്നും സൂറത്ത് എസിപി വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി.