
സംശയം തോന്നിയ സാഹചര്യത്തിൽ കണ്ട മൂന്ന് യുവാക്കളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ മാരക മയക്കുമരുന്നായ MDMA (മെഥിലിൻഡിയോക്സിമെത്താംഫെറ്റാമിൻ) പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും കുമ്പള പോലീസും ചേർന്നാണ് മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രതികളെ അറസ്റ്റ് ചെയ്തത്. മംഗൽപാടി സോങ്കാൽ എന്ന സ്ഥലത്തുവെച്ചാണ് സംഭവം.
കോയിപ്പാടി ഷേഡിക്കാവ് സ്വദേശിയും മംഗൽപാടി സോങ്കാലിൽ താമസിക്കുന്ന അഷ്‌റഫ് എ എം(26), കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ് കെ (33), കുഡ്‌ലു ആസാദ് നഗർ സ്വദേശിയും പെരിയടുക്ക എന്ന സ്ഥലത്തു താമസിക്കുന്ന ഷംസുദ്ധീൻ എ കെ(33) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 43.77 ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെടുത്തത്. ജില്ലാ പോലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം രഹസ്യവിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി പെട്രോളിങ് നടത്തുകയായിരുന്ന ഡാൻസാഫ് സ്‌ക്വാഡിനെ കണ്ടയുടൻ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. വിജനമായ ഒരു കുറ്റിക്കാട്ടിൽ മൂന്ന് പേർ ഒരുമിച്ചു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് സംഘം ഇവരെ ചോദ്യം ചെയ്യാൻ അടുത്തത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായ ഓട്ടത്തിനൊടുവിൽ കീഴടക്കുകയായിരുന്നു.