3215 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് കേസിൽ വിധി വന്നത്. അവൾക്കൊപ്പമുള്ള നീതിക്കായുള്ള കാത്തിരിപ്പിന് ഫലം കാണുമെന്ന് പ്രതീക്ഷിച്ച എല്ലാവരും നിരാശയിലാണ്. ക്രൂരകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികൾക്കെതിരെയും എല്ലാ വകുപ്പുകളും തെളിഞ്ഞെങ്കിലും അതിന് കാരണക്കാരനായ വ്യക്തി ആരെന്നതിന് ഉത്തരമായിട്ടില്ല.നടിയും പ്രോസിക്യൂഷനും ആരോപിച്ചതും വിശ്വസിച്ചതുമായ വ്യക്തി കേസിൽ കുറ്റവിമുക്തനായി. അതിജീവിതയുടെ വർഷങ്ങളുടെ പോരാട്ടത്തിന്റെ കയ്പേറിയ അനുഭവങ്ങൾ ഓർത്തെടുത്തവർ കടുത്ത നിരാശയിലും.
കോടതി വിധി പ്രസ്താവിക്കുന്ന സമയം സ്വന്തം വീട്ടിൽ തന്നെ തുടർന്ന അതിജീവിത തീരുമാനം പുറത്ത് വന്നതും ഷോക്കിലായി. ആ ഞെട്ടലും വേദനയും സുഹൃത്തുക്കളോട് അവൾ പങ്ക് വെച്ചു. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ അപ്പീലിനെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
എന്നാൽ എട്ടരവർഷത്തെ ദുരനുഭവങ്ങളുടെ കൊടുമുടി താണ്ടിയ അതിജീവിത ഇനിയും പോരാട്ടത്തിനാകുമോ എന്ന സംശയത്തിൽ നിരാശയിലാണ്. വിധി വന്ന സമയം അവൾക്കൊപ്പമുണ്ടായിരുന്ന ഭാഗ്യലക്ഷ്മി ആ സങ്കടത്തിന്റെ ആഴം തുറന്ന് പറഞ്ഞു.