അതിജീവിത കടുത്ത നിരാശയിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല;അവൾക്കൊപ്പം നിന്നവരും നിരാശയിൽ;ദുരനുഭവങ്ങളുടെ കൊടുമുടി താണ്ടിയ അതിജീവിത ഇനിയും പോരാട്ടത്തിനിറങ്ങുമോ?



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ എന്ന് സുഹൃത്തുക്കൾ.അവൾക്കൊപ്പം ക്യാംപെയ്ൻ വീണ്ടും സജീവമാക്കിയ പെൺകൂട്ടായ്മ വിധിയിൽ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വിധി പകർപ്പ് പരിശോധിച്ച് ഹൈക്കോടതിയിൽ അപ്പീലിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാരെങ്കിലും കടുത്ത നിരാശയിൽ തുടരുന്ന അതിജീവിത അക്കാര്യം തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.

3215 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് കേസിൽ വിധി വന്നത്. അവൾക്കൊപ്പമുള്ള നീതിക്കായുള്ള കാത്തിരിപ്പിന് ഫലം കാണുമെന്ന് പ്രതീക്ഷിച്ച എല്ലാവരും നിരാശയിലാണ്. ക്രൂരകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികൾക്കെതിരെയും എല്ലാ വകുപ്പുകളും തെളിഞ്ഞെങ്കിലും അതിന് കാരണക്കാരനായ വ്യക്തി ആരെന്നതിന് ഉത്തരമായിട്ടില്ല.നടിയും പ്രോസിക്യൂഷനും ആരോപിച്ചതും വിശ്വസിച്ചതുമായ വ്യക്തി കേസിൽ കുറ്റവിമുക്തനായി. അതിജീവിതയുടെ വർഷങ്ങളുടെ പോരാട്ടത്തിന്റെ കയ്പേറിയ അനുഭവങ്ങൾ ഓർത്തെടുത്തവർ കടുത്ത നിരാശയിലും.

കോടതി വിധി പ്രസ്താവിക്കുന്ന സമയം സ്വന്തം വീട്ടിൽ തന്നെ തുടർന്ന അതിജീവിത തീരുമാനം പുറത്ത് വന്നതും ഷോക്കിലായി. ആ ഞെട്ടലും വേദനയും സുഹൃത്തുക്കളോട് അവൾ പങ്ക് വെച്ചു. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ അപ്പീലിനെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

എന്നാൽ എട്ടരവർഷത്തെ ദുരനുഭവങ്ങളുടെ കൊടുമുടി താണ്ടിയ അതിജീവിത ഇനിയും പോരാട്ടത്തിനാകുമോ എന്ന സംശയത്തിൽ നിരാശയിലാണ്. വിധി വന്ന സമയം അവൾക്കൊപ്പമുണ്ടായിരുന്ന ഭാഗ്യലക്ഷ്മി ആ സങ്കടത്തിന്റെ ആഴം തുറന്ന് പറഞ്ഞു.

أحدث أقدم