
നഗരമധ്യത്തിലെ ലോട്ടറി വില്പന കേന്ദ്രത്തിൽ മോഷണം. പട്ടാമ്പി ഗുരുവായൂർ റോഡിലെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സൗമ്യ ലോട്ടറി ഏജൻസിയിലാണ് കവർച്ച നടന്നത്. ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ലോട്ടറി ടിക്കറ്റുകളും കൗണ്ടറിലുണ്ടായിരുന്ന പതിനായിരം രൂപയുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെ ജീവനക്കാരൻ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കടയുടമ നൽകിയ പരാതിയെ തുടർന്ന് പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.