
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. സംസ്ഥാനത്തെ പല തൊഴില്‍ സ്ഥാപനങ്ങളിലും 2013ല്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ നിയമം നടപ്പാക്കുന്നില്ലെന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് കെ.ടി.ഡി സൊസൈറ്റി ഹാളില്‍ വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു സതീദേവി.
നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അതൃപ്തിയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമം തുടരുന്നതിനെതിരെ ഐ.ടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഇത്തരം സാഹചര്യങ്ങളില്‍ സൈബര്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക ചുറ്റുപാട്, തൊഴിലിടങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങില്‍ കൂടുതല്‍ ലഭിച്ചത്. പരിഗണിച്ച 68 പരാതികളില്‍ എട്ടെണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ കൗണ്‍സിലിങ്ങിന് കൈമാറുകയും അഞ്ചെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടുകയും മൂന്നെണ്ണം ലീഗല്‍ അതോറിറ്റിക്കയക്കുകയും ചെയ്തു. 49 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അംഗങ്ങളായ അഡ്വ. പി കുഞ്ഞായിഷ, അഡ്വ. ജമിന്‍, അഡ്വ. റീന, കൗണ്‍സലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.