
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസുകാർക്കാണ് പോറ്റിയുടെ ബന്ധമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്,ജനങ്ങൾ വിഡ്ഢികളല്ല. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് , അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘമാണ് സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെന്ന് ചെന്നിത്തല ആവർത്തിച്ചു. കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം. അത് എസ്ഐടിയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കിടക്കുന്ന എൻ വാസുവിന്റെയും , എ പത്മകുമാറിന്റെയും പേരിൽ എന്തുകൊണ്ടാണ് പാർട്ടി നടപടി എടുക്കാത്തത് ?മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇവർക്കെതിരെ നടപടിയെടുത്താൽ കേസിൽ ഉൾപ്പെട്ട ഉന്നതന്മാരുടെ പേരുകൾ പുറത്തുവരും ഇതിൽ ഭയന്നാണ് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.