കോട്ടയം കുറിച്ചിയില്‍ സി.പിഎം -ബി.ജെ.പി സംഘര്‍ഷം; ആക്രമണത്തില്‍ മൂന്ന് ആർ.എസ്.എസ്, ബിജെപി നേതാക്കള്‍ക്ക് വെട്ടേറ്റു


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കുറിച്ചിയില്‍ സിപി.എം ബിജെപി സംഘർഷം. ബിജെപി നേതാക്കളെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ചു . കുറിച്ചി ഗ്രാമ പഞ്ചായത്തിലെ മെമ്പറും നിലവിൽ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആർ മഞ്ജീഷിന്റെ വീട്ടിലാണ് ആക്രമണം നടന്നത്.

ഇന്നു പുലർച്ചെ ഒരു മണിയോടെ പൊൻപുഴപൊക്കം ഭാഗത്തായിരുന്നു സംഘർഷം.ആക്രമണത്തില്‍ മൂന്ന് ആർ.എസ്.എസ് – ബിജെപി നേതാക്കള്‍ക്ക് അടക്കം വെട്ടേറ്റു.
സിപിഐ എം നേതാവും മന്ത്രി വി എൻ വാസവന്റ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. പത്മകുമാറിന്റെയും ഇത്തിത്താനം ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അനിൽകുമാറിന്റെയും നേതൃത്വത്തിലുള്ള സിപിഐഎം ഗുണ്ടകളാണ് ആക്രമണം നടത്തിയെന്ന്  ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നത്.

ആർഎസ്.എസ് നേതാക്കളായ ജി.ശ്രീകുമാർ, കുറിച്ചി പഞ്ചായത്ത് സംയോജക് വി.മനോജ്, കുറിച്ചി പഞ്ചായത്ത് അംഗവും എട്ടാം വാർഡ് സ്ഥാനാർത്ഥിയുമായ ബി.ആർ മഞ്ജീഷ് എന്നിവർക്കാണ് ആക്രമത്തിൽ പരുക്കേറ്റത്. ജി. ശ്രീകുമാറിനെ തലയില്‍ വാള് കൊണ്ടു വെട്ടി പരുക്കേല്‍പ്പിക്കുകയും മഞ്ജീഷിനെയും മനോജിനെയും കമ്പി വടി കൊണ്ടു മർദ്ദിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ ഭാഗമായി ഒരു സംഘം സിപിഎം പ്രവർത്തകർ വീട് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇത്തിത്താനത്തെ കഞ്ചാവ് മാഫിയയുമായുള്ള സിപിഐഎം നേതൃത്വത്തിന്റെ അഭേദ്യമായ ബന്ധത്തെ തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ബിജെപി ആരോപിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സിപിഐഎം നേതാവ് നിഖിൽ ഉൾപ്പെടെ നൂറോളം ആളുകളാണ് ഈ ക്രിമിനൽ സംഘത്തിലുണ്ടായിരുന്നത്. സി പി ഐ എം നേതാവ് മുരളി സാറിനെതിരെ മത്സരിക്കാൻ നീ വളർന്നോ എന്നു ചോദിച്ചു കൊണ്ടായിരുന്നു ആക്രമണം ആരംഭിച്ചതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.





أحدث أقدم