രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് ശബരിമലയിലെ വസ്തുക്കൾ പോറ്റി ഇടനില നിന്ന് വിറ്റെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. 2019-20 കാലത്ത് ഡി മണി എന്നയാൾക്ക് വിഗ്രഹങ്ങൾ വിറ്റെന്നായിരുന്നു പ്രവാസി എസ്ഐടിക്ക് മൊഴി നല്‍കിയത്. ഡി മണി യഥാർത്ഥ പേരല്ലെന്ന് അന്വേഷണ സംഘം ആദ്യമെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇയാളെ കണ്ടെത്താനും മൊഴിയിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കാനുമായിരുന്നും അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഇതിനായി എസ്ഐടി സംഘം ഇന്നലെ കർണാടകത്തിലെ ബെല്ലാരിയിലെത്തിയിരുന്നു. കേസിൽ അറസ്റ്റിലായ ബെല്ലാരി സ്വദേശി ഗോവർധന്‍റെ റൊഡ്ഡം ജ്വല്ലറിയിൽ എസ്ഐടി പരിശോധന നടത്തി. അഞ്ചംഗ സംഘമാണ് റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന നടത്തിയത്. രണ്ടാം തവണയാണ് സ്വർണക്കവർച്ച അന്വേഷിക്കുന്ന പ്രത്യേക സംഘം ബെല്ലാരിയിൽ എത്തുന്നത്.