
സ്വർണ കവർച്ചയിൽ തനിക്ക് പങ്കില്ലെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ. തന്റെ ജാമ്യ ഹർജിയിലാണ് ഗോവർധൻ ഇക്കാര്യം വ്യക്തമാക്കിയത്. അയ്യപ്പ ഭക്തനായ താൻ സ്വർണമായും പണമായും ശബരിമലയിലേക്കാണ് സംഭാവന നൽകിയത്. ഒരു കോടിയിലധികം രൂപ നൽകി. പാളികൾ സ്വർണം പൂശിയ ശേഷവും അന്നദാനത്തിനും പണം നൽകി. സ്വർണമാലയും അയ്യപ്പന് സമർപിച്ചു. ഇതിന് ശേഷം തൻ്റെ കൈയിൽ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വർണം എസ്ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ഗോവർധൻ ആരോപിച്ചു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കണക്കുകളും ചെമ്പ് പാളിയുടെചിത്രങ്ങളും ഉൾപ്പെടെയാണ് ജാമ്യ ഹർജി.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എസ്ഐടി. രണ്ട് പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയേക്കും. ശബരിമലയിലെ സ്വർണപാളികളിൽ നിന്ന് വേർതിരിച്ച് എടുത്ത സ്വർണം ആർക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്ഐടി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നത്. സ്വർണം വിൽക്കുന്നതിന് ഇടനിലക്കാരനായ കൽപ്പേഷിനെയും എസ്ഐടി വൈകാതെ ചോദ്യം ചെയ്യാൻ വിളിക്കും. അതോടൊപ്പം മുൻ ദേവസ്വം ബോർഡ് അംഗങ്ങളുടെ ചോദ്യം ചെയ്യലും വൈകാതെ ഉണ്ടാകും.