ഇത് എന്‍റെ നേതാവിന്‍റെ വിജയം.. പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ച് റിനി ആൻ ജോർജ്..


തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ച് നടി റിനി ആൻ ജോർജ്. ഇത് എന്റെ നേതാവിന്റെ വിജയം എന്നാണ് റിനി വി ഡി സതീശനൊപ്പമുള്ള ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്.

‘ഇത് എന്റെ നേതാവിന്റെ വിജയം… അചഞ്ചലമായ നിലപാടിന്റെ വിജയം… അപമാനിച്ചവർക്കുള്ള ശക്തമായ മറുപടി… ഒരേ ഒരു രാജ’ എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ
വെളിപ്പെടുത്തലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നടപടികളില്‍ കലാശിച്ചത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ‘ഹു കെയേഴ്‌സ്’ എന്നായിരുന്നു ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു പ്രതികരണം. എന്നാല്‍ ഇത് രാഹുല്‍ ആണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ സ്വീകരിച്ച ‘ഹു കെയേഴ്‌സ്’ ആറ്റിറ്റിയൂഡ് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയുടെ പ്രതികരണം.

ഇതിന് പിന്നാലെ രാഹുലിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഇതിനിടെ തന്നെയായിരുന്നു രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസ് നടപടികളിലേക്ക് നീങ്ങി. ഒടുവിൽ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നിലപാട് വി ഡി സതീശന്‍ ശക്തമായി സ്വീകരിച്ചിരുന്നു.

أحدث أقدم