ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്?





ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത, നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ തിരഞ്ഞടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലായിരിക്കും.

ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് ഭരണാധികാരികളുടെ ടേബിളിൽ എണ്ണും. വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക.


Previous Post Next Post