സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധൻ പുതിയ വീട്ടിലേക്ക്; നിര്‍മ്മിച്ച് നല്‍കി സിപിഎം


പുള്ളിലെ കൊച്ചുവേലായുധന് എഴുപത്തഞ്ചു ദിവസം കൊണ്ട് വീട് പൂര്‍ത്തിയാക്കി നല്‍കി സിപിഎം. വീട് നിര്‍മാണത്തിന് സഹായം ചോദിച്ച് കൊച്ചുവേലായുധന്‍ എത്തിയപ്പോള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ചത് വിവാദമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ അന്നു രാത്രി തന്നെ വേലായുധന്റെ വീട്ടിലെത്തിയ സിപിഐ , സിപിഎം നേതാക്കള്‍ വീടു പണിതു നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

വീടിന്റെ പാലു കാച്ചല്‍ തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകുമെന്നും പാര്‍ട്ടി വാക്കുപാലിച്ചതായും സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. സുരേഷ് ഗോപി വയോവൃദ്ധനായ ഒരു മനുഷ്യനെ അവഹേളിച്ചതിനോടുള്ള ഒരു ജനതയുടെ സര്‍ഗാത്മകമായ പ്രതിഷേധമാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ എത്തിച്ചത്. മനോഹരമായ ഒരു വീട് നിര്‍മ്മിക്കാന്‍ നാട്ടിലെ നല്ലവരായ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നുള്ളത് അഭിമാനകരമായ കാര്യമാണ്. നാട് മുഴുവന്‍ ആഹ്ലാദത്തോടെയാണ് ഈ വീടിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും കണ്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വീടിന്റെ ഗൃഹപ്രവേശം നടക്കും. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ജില്ലാ സെക്രട്ടറി പറഞ്ഞു.

Previous Post Next Post