കോട്ടയത്ത് എൽ .ഡി.എഫ് സ്ഥാനാർത്ഥിയുടെ പേരിൽ വ്യാജ കത്ത് തപാലിൽ; പരാതി,,പൊൻകുന്നം, കൂരാലി, വാഴൂർ ഈസ്റ്റ് എന്നീ തപാൽ ഓഫീസുകളിൽനിന്നാണ് കത്തുകൾ അയച്ചത്.


ചിറക്കടവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേരിൽ വ്യാജ കത്ത് തപാലിൽ അയച്ചതായി പരാതി. ചിറക്കടവ് പഞ്ചായത്ത് 11-ാം വാർഡായ വാളക്കയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരള കോൺഗ്രസ് (എം) യുവനേതാവ് രാഹുൽ ബി. പിള്ളയുടേതെന്ന പേരിലാണ് വ്യാജ കത്ത്. ഈ കത്ത് തപാലിൽ വോട്ടർമാർക്ക് അയച്ചെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. താൻ അഴിമതിക്കാരനാണെന്നും തനിക്ക് വോട്ടുചെയ്യരുതെന്നും അഭ്യർത്ഥിക്കുന്ന കത്താണ് രാഹുലിന്റെ പേര് ചേർത്ത് വാർഡിലെ വോട്ടർമാരുടെ വിലാസത്തിൽ ലഭിച്ചത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

പൊൻകുന്നം, കൂരാലി, വാഴൂർ ഈസ്റ്റ് എന്നീ തപാൽ ഓഫീസുകളിൽനിന്നാണ് കത്തുകൾ അയച്ചത്. ഹെൽമെറ്റും മാസ്‌കും ധരിച്ചെത്തിയ ആൾ കത്തുകൾ പെട്ടിയിലിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

Previous Post Next Post