കർശന നടപടി…മോട്ടോർവാഹന വകുപ്പിനെ പറ്റിക്കാൻ ശ്രമിച്ചാൽ വണ്ടി പിന്നെ നിരത്തിലിറക്കാൻ കഴിയില്ല




തിരുവനന്തപുരം : വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നേടിയതായി സ്ഥിരീകരിച്ച 50 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചു. ഈ വാഹനങ്ങളുടെ ഉടമകൾക്ക് ഇതിനകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നേടുന്നതെന്ന് കണ്ടെത്തിയതോടെയാണ് വൻ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വാഹനവിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക പരിശോധനയും സജ്ജീകരണങ്ങളും നടപ്പിലാക്കി. കേരള നമ്പർ ഉള്ള വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ പുക പരിശോധന നടത്തുകയാണെങ്കിൽ വിവരം ഉടൻ ലഭിക്കുമെന്ന് വകുപ്പ് അറിയിച്ചു.

വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർ കത്ത് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ പുകപരിശോധനാ കേന്ദ്രങ്ങളിലാണ് വലിയ തോതിൽ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇവിടങ്ങളിൽ വ്യാജ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പുക പരിശോധനാ രേഖകൾ സൃഷ്ടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
Previous Post Next Post