ശബരിമല സ്വർണക്കൊളള കേസ്; എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി




കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ.വാസുവിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. പ്രായവും ആരോഗ്യപ്രശ്നവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും തന്നെ കോടതിയിൽ നിലനിന്നില്ല.

കട്ടിളപ്പാളി കേസിൽ എൻ.വാസു മൂന്നാം പ്രതിയാണ്. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വര്‍ണപ്പാളി കൈമാറുമ്പോള്‍ സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് എൻ വാസുവിന്‍റെ അറിവോട് കൂടിയാണ് എന്നാണ് എസ്ഐടി കണ്ടെത്തൽ. എന്നാൽ ഇത് തെറ്റാണെന്ന് കോടതിയിൽ ധരിപ്പിക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വര്‍ണപ്പാളികള്‍ കൈമാറുമ്പോള്‍ എൻ വാസു സ്ഥാനത്തുണ്ടായിരുന്നില്ലെന്നും വിരമിച്ചെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ ഇക്കാര്യങ്ങളൊന്നും കോടതിയിൽ നിലനിന്നില്ല. കേസുമായി ബന്ധപ്പെട്ട് വാസുവിന് കൃത്യമായി ധാരണയുണ്ടായിരുന്നെന്നും ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്നുമാണ് എസ്ഐടി അറിയിച്ചത്. തുടര്‍ന്നാണ് ജാമ്യാപേക്ഷ ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
Previous Post Next Post