തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചു; വിവി രാജേഷ് കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ആകും




തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ കേവലഭൂരിപക്ഷം ഉറപ്പാക്കി ബിജെപി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു. ഇതോടെ 101 അംഗങ്ങളുള്ള ഭരണസമിതിയുടെ എന്‍ഡിഎയ്ക്ക് 51 അംഗങ്ങളുടെ പിന്തുണയായി. ഇതോടെ ഇന്ന് നടക്കുന്ന നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ഉറപ്പാക്കി. ഇതോടെ കേരളത്തിലെ ആദ്യത്തെ മേയര്‍ സ്ഥാനത്തെത്തുന്ന ബിജെപി നേതാവാകും രാജേഷ്.

ബിജെപിക്കുള്ള പിന്തുണ താത്കാലികമാണെന്ന് സ്വതന്ത്രനായ പാറ്റൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബിജെപിയെ പിന്തുണയ്ക്കും. എന്നാല്‍ അഞ്ച് വര്‍ഷം പിന്തുണ നല്‍കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ആണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ആണ് മേയര്‍ സ്ഥാനാര്‍ഥിയായി രാജേഷിനെ പ്രഖ്യാപിച്ചത്.  തുടര്‍ച്ചയായ രണ്ടാം തവണയാണ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആകുന്നത്. കൊടുങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് രാജേഷ് വിജയിച്ചത്. 

ആശാനാഥ് ആണ് ഡെപ്യൂട്ടി മേയർ ആവുക. ജനറൽ സീറ്റിൽ നിന്നാണ് ആശ വിജയിച്ചത്. രണ്ടാം തവണയാണ് കൗൺസിലർ ആയി വിജയിക്കുന്നത്.
أحدث أقدم