
ഇൻഷുറൻസ് തുകയ്ക്കായി സഹോദരനെ കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ കരീംനഗറിലാണ് ക്രൂരസംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 37കാരനായ സഹോദരൻ വെങ്കിടേഷിനെയാണ് 30കാരനായ ഇളയ സഹോദരൻ നരേഷ് കൊലപ്പെടുത്തിയത്. നരേഷും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. നരേഷ് ടിപ്പർ ലോറി ബിസിനസ് നടത്തുന്ന ആളാണ്. ടിപ്പറിന്റെ ഇൻസ്റ്റാൾമെന്റുകൾ അടക്കാൻ കഴിയാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഓഹരി നിക്ഷേപത്തെ തുടർന്നും സാമ്പത്തിക നഷ്ടമുണ്ടായി.
ഏകദേശം ഒന്നരക്കോടിയിലധികം രൂപ ഇയാൾക്ക് കടമുണ്ടായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് സഹോദരനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക വാങ്ങി കടം വീട്ടാനുള്ള പദ്ധതി രണ്ട് മാസങ്ങൾക്ക് മുമ്പ് നരേഷ് തയ്യാറാക്കിയത്. തുടർന്ന് രണ്ട് മാസത്തിനിടെ സഹോദരന്റെ പേരിൽ പല കമ്പനികളിൽ നിന്നായി 4,14,00,000 രൂപയുടെ ഇൻഷുറൻസ് പോളിസികളെടുത്തു. അതോടൊപ്പം 20 ലക്ഷം രൂപയുടെ സ്വർണവായ്പയും എടുത്തു. അതിന് ശേഷമാണ് കഴിഞ്ഞ 26ാം തീയതി ലോറി തകരാറിലായെന്ന് പറഞ്ഞ് സഹോദരനെ രാത്രിയിൽ വിളിച്ചുവരുത്തിയത്. ലോറിയുടെ അടിയിൽ കിടക്കാൻ സഹോദരനോട് ആവശ്യപ്പെട്ടു. ലോറി കയറ്റി സഹോദരനെ കൊലപ്പെടുത്തി. അപകടമരണം എന്നാണ് പൊലീസിനെയും ഇൻഷുറൻസ് കമ്പനിയെയും നരേഷ് ധരിപ്പിച്ചത്. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസിനും ഇൻഷുറൻസ് കമ്പനിക്കും സംശയങ്ങൾ തോന്നിയതാണ് സംഭവത്തിൽ വഴിത്തിരിവായത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുകയുടെ ഇൻഷുറൻസ് പോളിസികൾ ഇയാൾ എടുത്തിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്. ചോദ്യം ചെയ്യലിൽ നരേഷ് കുറ്റം സമ്മതിച്ചു.