ഛത്തീസ് ഗഡ് സ്വദേശിയായ രാം നാരായൺ ഭയ്യ എന്ന 31 കാരനാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന രാം നാരായണനെ മോഷ്ടാവാണെന്ന് സംശയിച്ച് ആൾക്കൂട്ടം തടഞ്ഞു വെക്കുകയും, ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് രക്തം വാർന്ന് ഒന്നര മണിക്കൂറോളം രാംനാരായൺ റോഡിൽ കിടന്നു.
അവശനിലയിലായ യുവാവിനെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാളെ ആളുകൾ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. രാം നാരായൺ മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു. മരിച്ച രാം നാരായണിന്റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.