”ശരിയായതും തെറ്റായതുമായ പലതും കാൾ മാർക്‌സ് പറഞ്ഞിട്ടുണ്ട്. സംഭാവന പിരിക്കാൻ പാടില്ലെന്നാണു മാർക്‌സ് പറഞ്ഞിട്ടുള്ളത്. അക്കാലത്ത് ഇടത്തരം കുടുംബത്തിൽ പിറന്ന മാർക്‌സിന്റെ ഒരു മനോഭാവമാണത്. പ്രവർത്തനം നടത്താൻ കുറച്ചു പണം വേണമെന്ന് ലാസെല്ലയോട് മാർക്‌സ് ആവശ്യപ്പെടുകയുണ്ടായി. എന്റെ കയ്യിലുള്ള പണം എല്ലാം അയച്ചു. വേണമെങ്കിൽ ആളുകളിൽ നിന്നു പിരിവെടുത്ത് അയച്ചു തരാമെന്ന് ലാസെല്ല മറുപടി പറഞ്ഞപ്പോഴാണ് ‘നടന്നു തെണ്ടൽ’ വേണ്ടെന്നു മാർക്‌സ് പറഞ്ഞത്”.
ശ്രീനാരായണ കോളജ് മലയാള വിഭാഗം നടത്തിയ കെ പി അപ്പൻ അനുസ്മരണവും കെ പി അപ്പൻ ചെയർ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ബേബി. നിരൂപണകല എന്നു പറയാവുന്ന സ്വതന്ത്രമായ അസ്തിത്വമുള്ള സർഗാത്മക പ്രവർത്തനമാണ് കെ പി അപ്പൻ നടത്തിയതെന്നു ബേബി പറഞ്ഞു. കെ പി അപ്പന്റെ സാഹിത്യ സാംസ്‌കാരിക സത്ത മൂന്നു തലങ്ങളിൽ വ്യാപിച്ചു കിടക്കുന്നുണ്ട്. സ്‌നേഹി, സന്ദേഹി, സ്വാതന്ത്ര്യദാഹി എന്നിവയാണ് അത്. സ്‌നേഹഗായകനായ കുമാരനാശാന്റെ കൃതികൾ വളരെ സ്വാധീനിച്ചിരുന്നു. അപ്പന്റെ കൃതികളിലും പെരുമാറ്റത്തിലും ആ സ്‌നേഹം കാണാനാകും. എന്നാൽ ഏറ്റവും കൂടുതൽ സ്‌നേഹമുണ്ടായിരുന്നത് അദ്ദേഹം സംസാരിക്കുന്നതിനും എഴുതുന്നതിനും തെരഞ്ഞെടുത്ത വാക്കുകളോടാണെന്നും ബേബി പറഞ്ഞു.