താൻ വർ​​ഗീയ വാദിയെന്ന് ലീ​ഗ് പ്രചരിപ്പിക്കുന്നു; രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ



മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുന്നു. ലീഗ് മലപ്പുറം പാർട്ടിയെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു. പറഞ്ഞതിലെല്ലാം ഉറച്ച് നിൽക്കുകയാണെന്നും അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്നും വെള്ളാപ്പള്ളി  പറഞ്ഞു. താൻ സഞ്ചരിക്കുന്നത് ശ്രീനാരായണ ​ഗുരുവിന്റെ പാതയിലാണ്. എന്നാലിപ്പോൾ കേരളത്തിലെ ഏറ്റവും വലിയ വർഗീയ വാദി താൻ  എന്നാണ് മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്നത്. എന്നെ ദേശീയവാദിയായി അവർ തന്നെ കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നു.

ഇപ്പോൾ വർഗീയ വാദി ആക്കിയതിന്റെ ചരിത്രം കേരളം അറിയണം. എനിക്ക് ജാതി ചിന്ത ഇല്ല. ജാതി വിവേചനം ചൂണ്ടിക്കാണിക്കും. അർഹത ചോദിച്ചു വാങ്ങുന്നത് ജാതി പറയലല്ല. മുസ്ലിം ലീഗിന് ദാർഷ്ട്യവും അഹങ്കാരവുമാണ്. മണി പവറും,  മസിൽ പവറും ഉള്ളവരാണ് അവർ. എല്ലാം മലപ്പുറത്തേക്ക് ഊറ്റി എടുക്കുന്നു. മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ലീഗിൽ തന്നെ സമ്പന്നർക്കാണ് ആനുകൂല്യങ്ങൾ. കോളേജുകൾ പോലും മുസ്ലിങ്ങളിലെ സമ്പന്നരുടെ ട്രസ്റ്റുകൾക്കാണ് ലീഗ് നൽകിയത്. ഭരണം കൈവിട്ടപ്പോൾ ലീഗ് തന്നെ വന്ന് കണ്ടിരുന്നു. ഇനി ഒരുമിച്ച് പോകാമെന്ന് പറഞ്ഞു. എന്നാൽ തനിക്ക് അതിന് പറ്റില്ലെന്നും ലീഗിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അന്ന് തന്നെ പറ‍ഞ്ഞിരുന്നെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മലപ്പുറത്ത് താൻ പ്രസംഗിച്ചപ്പോൾ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചു എന്ന് പ്രചരിപ്പിച്ചു. മുസ്ലീം സമുദായത്തെ അല്ല, ലീഗിനെ ആണ് എതിർത്തത്. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന് പറഞ്ഞ് തന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ചു അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് തെറ്റ് ചെയ്തു? പണവും പ്രതാപവും ഉണ്ടെന്ന് കരുതി എല്ലാവരെയും കൂടെ നിർത്താം എന്ന് വിചാരിക്കരുത്. ഫസൽ ഗഫൂർ വലിയ കൊള്ള നടത്തുന്നു. അയാളാണ് എന്നെ ചീത്ത പറയുന്നത്. ലീഗിനെ പ്പോലെ മത സൗഹാർദം തകർക്കുന്ന പാർട്ടി വേറെയില്ലെന്നും തൻ്റെ സമുദായത്തിൻ്റെ ദു:ഖം പറഞ്ഞതിന് തന്നെ വേട്ടയാടുകയാണെന്നും വെള്ളാപ്പള്ളി  പറഞ്ഞു.
أحدث أقدم