തലസ്ഥാന സിപിഎമ്മിൽ പൊട്ടിത്തറി. വോട്ടെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനത്തിന് ചേർന്ന ജില്ലാ സെക്രട്ടറി– ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ വാഗ്വാദവും പോർവിളിയുമുണ്ടായി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ സാന്നിധ്യത്തിലായിരുന്നു തർക്കങ്ങളത്രയും. നഗരപരിധിയിലെ നെടുങ്കാട് അടക്കം

തദ്ദേശ തിരഞ്ഞെടുപ്പിലെ തീപാറും പോരാട്ടത്തിനിടെ തലസ്ഥാന സിപിഎമ്മിൽ പൊട്ടിത്തറി. വോട്ടെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനത്തിന് ചേർന്ന ജില്ലാ സെക്രട്ടറി– ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ വാഗ്വാദവും പോർവിളിയുമുണ്ടായി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ സാന്നിധ്യത്തിലായിരുന്നു തർക്കങ്ങളത്രയും. നഗരപരിധിയിലെ നെടുങ്കാട് അടക്കം വാർഡുകളിൽ ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയുടെ പ്രവർത്തനം പോരെന്ന അടക്കം പറച്ചിൽ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായി. അത് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്ത സെക്രട്ടറി വി ജോയി ഒരുകട്ടക്ക് കയറ്റി പിടിച്ചു. ചുമതല ഏൽപ്പിച്ചവർ അത് നിർവഹിക്കാത്തത് കഷ്ടമാണെന്ന് ജോയ് പറഞ്ഞ് നിർത്തിയ ഉടനെ കമ്മിറ്റിയിൽ കരമന ഹരി എഴുന്നേറ്റു. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ഇതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കാലത്ത് തലസ്ഥാനത്ത് സിപിഎമ്മിന് വേണ്ടി വിയർപ്പൊഴുക്കിയതിൻ്റെ കണക്കെടുപ്പ് നടത്തി. പലപ്പോഴും അത് വി ജോയിക്കെതിരായ വ്യക്തിപരമായ പരാമർശങ്ങൾ കൂടിയായി. എല്ലാം കേട്ട് എംവി ഗോവിന്ദൻ മിണ്ടാതിരുന്നു.

വിമർശനം ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ഉദ്ദേശിച്ചതെന്ന മട്ടിൽ വി ജോയി ലഘൂകരിച്ചെങ്കിലും പാർട്ടിക്കകത്ത് പ്രശ്‌നം നീറുന്നുണ്ട്. തൊട്ടുമുൻപ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലാ സെക്രട്ടറിയുടെ വിമർശനങ്ങളോട് കടകംപള്ളി സുരേന്ദ്രനും അതിരൂക്ഷ ഭാഷയിൽ പ്രതികരിച്ചതായാണ് വിവരം. സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഇടപെടലും വിമത സാന്നിധ്യവുമൊക്കെയായിരുന്നു കടകംപള്ളിക്കെതിരായ കുറ്റപത്രം. ജില്ലാ സെക്രട്ടറിയായ നാളുമുതൽ രാഷ്ട്രീയമായി തോൽപ്പിക്കാൻ ശ്രമിച്ചു എന്ന കടകംപള്ളിയുടെ മറുവാദം ജില്ലാ സെക്രട്ടറിയോ സെക്രട്ടേറിയറ്റ് യോഗത്തിലിരുന്ന എംവി ഗോവിന്ദനോ ഏറ്റുപിടിക്കാൻ പോയതുമില്ല. തിരുവനന്തപുരം കോർപറേഷനിൽ 45 സീറ്റ് ഉറപ്പാണെന്നും പത്ത് സീറ്റിൽ കനത്ത പോരാട്ടമെന്നുമാണ് പാർട്ടിയുടെ കണക്ക്. വിമത സാന്നിധ്യമുള്ളിടത്തോ വിമർശനം നേരിട്ട ഇടങ്ങളിലോ പാർട്ടിക്ക് തിരിച്ചടിയുണ്ടായാൽ പൊട്ടിത്തെറി അതി രൂക്ഷമാകുമെന്നാണ് സൂചന.

أحدث أقدم