
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും, സുധീഷ് കുമാറിനേയും ജയിലിലെത്തി ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം. അന്താരാഷ്ട്ര വിഗ്രഹ കടത്തിലടക്കം സംശയമുനയിലുള്ള ഡി മണി എന്ന പുതിയ പേര് കൂടി അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് പോറ്റിയും , സുധീഷ് കുമാറും വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യമുനയിലെത്തുന്നത്. ഡി മണിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയില്‍ നിന്നാണ് എസ്‌ഐടി കണ്ടെത്തിയത്.
ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നില്‍ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവന്‍ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതലാണ് ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നിരുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകള്‍ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബര്‍ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നല്‍കിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു.