പോലീസ് സ്‌റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവം; സിഐ പ്രതാപചന്ദ്രന് സസ്‌പെൻഷൻ





കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. 2024-ലായിരുന്നു പരാതിക്ക് ആധാരമായ സംഭവം. അന്ന് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ നിലവിൽ അരൂരിൽ സിഐ ആണ്. സ്റ്റേഷനിൽവെച്ച് യുവതിയെ മർദിക്കുന്നതിന്റെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തുകയും വലിയ വിവാദമാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടി.

നോർത്ത് പോലീസ് സ്റ്റേഷനു സമീപം റെയിൽവേ സ്റ്റേഷന് എതിർവശത്ത് ബെൻ ടൂറിസ്റ്റ് ഹോമും ഹോട്ടലും നടത്തുന്ന ബെൻജോ ബേബിയുടെ ഭാര്യ ഷൈമോൾക്കാണ് മർദനമേറ്റത്. 2024 ജൂൺ 18-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നാണ് വ്യാഴാഴ്ച പരാതിക്കാർക്ക് ലഭിച്ചത്. ഭർത്താവിനെ അകാരണമായി കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്യാൻ സ്‌റ്റേഷനിലെത്തിയതിനാണ് ഷൈമോളെ പ്രതാപചന്ദ്രൻ മർദിച്ചത്.

ഷൈമോളുടെ നെഞ്ചിൽപിടിച്ച് തള്ളുകയും കരണത്തടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഷൈമോൾ പരാതിയുമായി മുന്നോട്ടു നീങ്ങുകയും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുകയും ചെയ്തു. പിന്നാലെയാണ് ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിക്കുന്നത്. യുവതിയെ അടിക്കുന്നതു കണ്ട് ചോദ്യംചെയ്ത ഭർത്താവിനെയും മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
أحدث أقدم