കായംകുളം മുനിസിപ്പല്‍ കൗൺസിലര്‍ അറസ്റ്റിൽ…. കോടികളുടെ തട്ടിപ്പ്…..


കായംകുളം: കായംകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ എ 1091 ന്റെ ചാരുംമൂട് ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടി തുകയായും നിരവധി ആളുകളില്‍ നിന്നും ഒരു കോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസില്‍ കായംകുളം വില്ലേജില്‍ ചേരാവള്ളി മുറിയില്‍ കായംകുളം മുന്‍സിപ്പാലിറ്റി 26ാം വാര്‍ഡില്‍ ആലുംമൂട്ടില്‍ വീട്ടില്‍ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ (65) നെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ കായംകുളം മുനിസിപ്പാലിറ്റി 26-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചയാളാണ് നുജുമുദ്ദീന്‍.

2020 മുതല്‍ 2024 വരെ വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു നുജുമുദ്ദീന്‍. കായംകുളത്തും ചാരുംമൂട്ടിലും സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ഇയാളുടെ നേതൃത്വത്തില്‍ സൊസൈറ്റി ആദ്യ ഘട്ടത്തില്‍ മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുളള വ്യാപാരികളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചു. പിന്നീട് ചിട്ടി ഇടപാടുകള്‍ തുടങ്ങി. തുടര്‍ന്ന് എല്ലാ പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിക്കുവാന്‍ ആരംഭിച്ചു. വന്‍ പലിശ വാഗ്ദാനം ചെയ്തിരുന്ന നിക്ഷേപത്തുക തിരിച്ചു കൊടുക്കാതാകുകയും ചിട്ടികളില്‍ അടച്ച തുക നല്‍കാതാകുകയും ചെയ്തതോടെ 2024 അവസാനം മുതല്‍ നിക്ഷേപകര്‍ അസ്വസ്ഥരായിത്തുടങ്ങി. പണം തിരികെ ചോദിച്ചവരെ ഭീക്ഷണിപ്പെടുത്തി വിരട്ടാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കാന്‍ ആരംഭിച്ചു.
നൂറനാട് പോലീസ് സ്റ്റേഷനില്‍ നുജുമുദ്ദീനും മറ്റു കൂട്ടു പ്രതികള്‍ക്കുമെതിരേ 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോ-ഓപ്പറേറ്റീവ് വകുപ്പ് സഹകരണ നിയമ പ്രകാരം അന്വേഷണം നടത്തി 6,18,68,346 രൂപയുടെ നഷ്ടമാണ് സൊസൈറ്റിക്ക് ഉണ്ടായിട്ടുളളത് എന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. നൂറനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ബിനുകുമാര്‍.എം.കെയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ നുജുമുദ്ദീനെ കായംകുളത്തെ സ്ഥാപനത്തില്‍ നിന്നും നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍.എസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേര്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ട്.

أحدث أقدم