
കോട്ടാങ്ങല്‍ പഞ്ചായത്തില്‍ യുഡിഎഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. എസ്ഡിപിഐയുടെ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചതിന് പിന്നാലെയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം രാജിവെച്ചത്. എസ്ഡിപിഐയുടെ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. യുഡിഎഫിലെ ശ്രീദേവിയാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുന്നുവെന്നും ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന് ശ്രീദേവി പറഞ്ഞു. എന്നാല്‍ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് ഇതിനെ കാണുന്നതെന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറയുന്നത്. ബിജെപിയെ അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പിന്തുണ നല്‍കിയതെന്നും മറ്റ് തിരഞ്ഞെടുപ്പില്‍ ഈ അയിത്തം യുഡിഎഫ് കാണിച്ചില്ലെന്നും അവര്‍ പറഞ്ഞു.
യുഡിഎഫിന്റെ പൊറാട്ടുനാടകമാണിതെന്ന് ബിജെപിയും പ്രതികരിച്ചു. യുഡിഎഫിനും, ബിജെപിക്കും അഞ്ചുവീതം അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എസ്ഡിപിഐക്ക് മൂന്നും എല്‍ഡിഎഫിന് ഒരു പ്രതിനിധിയുമാണുള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍.
അതേസമയം ബിജെപി, സിപിഐഎം, എസ്ഡിപിഐ പാര്‍ട്ടികളുമായി യാതൊരു ബന്ധവും പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവരുടെ ആരുടെയെങ്കിലും പിന്തുണയോടെ ജയിച്ചവര്‍ അപ്പോള്‍ത്തന്നെ രാജിവെക്കണമെന്നും മുന്നണിക്ക് പുറത്തുള്ള കൂട്ടുകെട്ട് ഒരു കാരണവശാലും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.