നടിയെ ആക്രമിച്ച കേസ്: താരങ്ങൾ കൂറുമാറിയപ്പോൾ മുകേഷ് മാത്രം ഉറച്ചു നിന്നു:




കൊച്ചി: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ കൂറുമാറാതെ എം. മുകേഷ് എംഎല്‍എ. കേസിലെ 46-ാം സാക്ഷിയാണ് മുകേഷ്.
പള്‍സർ സുനി മുൻ ഡ്രൈവറായതിനാലാണ് മുകേഷിനെ സാക്ഷിയാക്കിയത്. പള്‍സർ സുനി പ്രശ്നക്കാരനെന്ന് കണ്ടെത്തി ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് മുകേഷ് മൊഴി നല്‍കിയത്.ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മുകേഷ്.

കേസില്‍ താരങ്ങള്‍ ഉള്‍പെടെ 28 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. ഇതില്‍ താരങ്ങളായ സിദ്ദീഖ്, ഭാമ, സായികുമാർ, ബിന്ദുകൃഷ്ണ , ഇടവേള ബാബു എന്നിവർ ഉള്‍പ്പെടുന്നു.

അതിജീവിത ദിലീപിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നായിരുന്നു താരങ്ങളുടെ ആദ്യമൊഴി. എന്നാല്‍ ഇവർ പിന്നീട് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു. കൂറുമാറിയവരില്‍ കാവ്യയടക്കം എട്ടുപേർ ദിലീപിൻ്റെ കുടുംബാംഗങ്ങള്‍ തന്നെയാണെന്നതും പ്രസക്തമാണ്.നടിയെ ആക്രമിച്ച കേസ് കൂടുതല്‍ ചർച്ചയായത് പ്രേക്ഷകർ ജനപ്രിയ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ച ദിലീപ് പ്രതിചേർക്കപ്പെട്ടതോടെയാണ് . കൂട്ടബലാത്സംഗം,ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍ , ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ശീല ചിത്രമെടുത്ത് പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ദിലീപിനെതിരെയും ചുമത്തിയിട്ടുണ്ട്.ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കൊച്ചിയില്‍ സിനിമാ പ്രവർത്തകർ സംഘടിപ്പിച്ച കൂട്ടായ്മയില്‍ നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ നടത്തിയ ഗൂഢാലോചനാ പരാമർശത്തിലാണ് കേസന്വേഷണത്തിന്റെ ദിശമാറുന്നത്.

ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനിടെ വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ച്‌ കേസിന്റെ ഭാഗമാക്കാതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി.

Previous Post Next Post