
മുത്തങ്ങ വെടിവെപ്പ് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരും ആഗ്രഹിച്ചതല്ലെന്നും സി കെ ജാനുവിനെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഈ പ്രതികരണം. യോഗത്തില്‍ പി വി അന്‍വറിനെയും, സി കെ ജാനുവിനെയും, വിഷ്ണുപുരം ചന്ദ്രശേഖരനെയും മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തിരുന്നു.
മൂന്ന് പാര്‍ട്ടികളും ഒരു വ്യവസ്ഥയും മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കുമോയെന്ന ചോദ്യത്തിന് ഒരു പാര്‍ട്ടിയുമായും ഇപ്പോള്‍ ചര്‍ച്ച നടത്തുന്നില്ലെന്നായിരുന്നു മറുപടി. ഇങ്ങോട്ട് സമീപിച്ചവരെയാണ് നിലവില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി വിട്ടവരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ചയായില്ലെന്നും അതിന്റെ അര്‍ത്ഥം വാതിലുകള്‍ അടച്ചെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.