
നിക്ഷേപകരുടെ പരാതിയെ തുടർന്ന് തർക്കത്തിൽ കിടന്ന വളഞ്ഞവഴിയിലെ എസ്. എൻ. ഡി. പി ഓഡിറ്റോറിയത്തിൽ നിന്ന് തീയും പുകയുമുയർന്നത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കോടതിയുടെ ഇടപെടലിനെ തുടർന്ന് വർഷങ്ങളായി തർക്കത്തിൽ അടഞ്ഞുകിടന്ന ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ ഒരു യൂണിറ്റ് അഗ്നിശമന സേനയും കെട്ടിടത്തിനുള്ളിൽ പരിശോധന നടത്തി പഴയ ബെഡിന് തീപിടിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം വൈകുന്നേരങ്ങളിൽ മദ്യപസംഘത്തിൻ്റെയും സാമൂഹ്യ വിരുദ്ധര്യം താവളമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.റിസീവർ ഭരണത്തിലിരിക്കുന്ന കെട്ടിടവും സ്ഥലവും ലേലത്തിന് വെച്ചിരിക്കുകയാണ്. കെട്ടിടം നശിപ്പിച്ച് സ്ഥലം മാത്രമായി ലേലത്തിൽ പിടിക്കാനുള്ള ചില തത്പര കക്ഷികളുടെ കൈകൾ തീ പിടിത്തത്തിന് പുറകിലുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.