യുവതിയെ നായ്ക്കൾ കടിച്ചുകൊന്നു.കർണാടകയിൽ ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിയായ അനിത എന്ന യുവതിയാണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നായ്ക്കളുടെ ആക്രമണത്തിൽ അനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അനിതയുടെ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമാണ് നായ കടിച്ചത്. തയിലായിരുന്നു അധികം പരിക്കും ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയിൽ എത്തിയ ഒരാൾ നായ്ക്കളെ പ്രദേശത്തെ റെയിൽവേ ക്രോസിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന അനിതയെ നായ്ക്കൾ ആക്രമിച്ചു. പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളാണ് യുവതിയെ കടിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.
വ്യാഴാഴ്ച രാത്രിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. രാത്രി വളരെ വൈകിയും നായ്ക്കൾ അസാധാരണമായി കുരയ്ക്കുന്നത് കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങി നോക്കുമ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ അനിതയെ കാണുന്നത്. ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് അനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി സംഭവസ്ഥലത്ത് എത്തിയപ്പോൾ നായ്ക്കൾ തങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷി മല്ലികാർജുൻ എന്ന നാട്ടുകാരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
നായ്ക്കളെ വഴിയിൽ ഉപേക്ഷിച്ച അവയുടെ ഉടമസ്ഥർ ആരാണെന്നോ എന്തിനാണ് അവയെ അവിടെ ഉപേക്ഷിച്ചതെന്നോ ഇപ്പോഴും വ്യക്തമല്ല. ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയാൻ തിരച്ചിൽ നടക്കുന്നുണ്ട്.