ആലപ്പുഴയിൽ യാത്രക്കാരിയെ വഴിയിലിറക്കിവിട്ടതിൽ വൈരാഗ്യം, ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കൊന്ന കേസിൽ..


ആലപ്പുഴ: ഓട്ടോ ഡ്രൈവർ അനിൽകുമാർ വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്. തലവടി ആനപ്രമ്പാൽ വടക്ക് പുത്തൻപറമ്പ് വീട്ടിൽ ഓട്ടോ ഡ്രൈവർ അനിൽകുമാറിനെ (38) കൊന്ന കേസിൽ ഒന്നാം പ്രതി ആനപ്രറമ്പാൽ നോർത്ത് മുറിയിൽ കളങ്ങര ഭാഗത്ത് വീട്ടിൽ അമൽ (അപൂസ്-27), രണ്ടാം പ്രതി അനപ്രമ്പാൽ നോർത്ത് കളങ്ങരഭാഗത്ത് കൊച്ചുപറമ്പ് വീട്ടിൽ കെവിൻ (25) എന്നിവരെയാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. ഒരുലക്ഷം രൂപ വീതം പിഴയൊടുക്കണം. തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതി രാഹുലിനെ വെറുതെവിട്ടു

 2019 ജനുവരി 14ന് രാത്രി 12.30നാണ് കേസിനാസ്ദമായ സംഭവം. കെവിന്റെ സഹോദരിയെ എടത്വ പച്ചയിലെ സ്വകാര്യആശുപത്രിയിൽനിന്ന് തിരികെ ഓട്ടോയിൽ വരുന്നവഴി വഴിയിൽ ഇറക്കിവിട്ടതിന്റെ വിരോധത്താൽ വസതിക്ക് സമീപമെത്തി അനിൽകുമാറിനെ വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഭാര്യ സന്ധ്യക്കും ഗുരുതര പരിക്കേറ്റിരുന്നു. അമലിന്റെ കൈവശം കരുതിയ മൂർച്ചയേറിയ കത്തികൊണ്ട് ഓട്ടോ ഡ്രൈവർ അനിൽ കുമാറിന്റെ തലയിലും ഇടത് തോളിലും ഇടത് കക്ഷത്തും വലത് നെഞ്ചിലും ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു. രണ്ടാം പ്രതിയായ കെവിനാണ് അനിൽകുമാറിനെ പിടിച്ചുനിർത്തിയത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ സന്ധ്യയുടെ മൊഴിരേഖപ്പെടുത്തിയാണ് എടത്വ പൊലീസ് കേസെടുത്തത്. വിധി കേൾക്കാൻ കൊലപ്പെട്ട അനിൽകുമാറിന്റെ അമ്മയും ഭാര്യസന്ധ്യയും മകനും ഉൾപ്പെടെയുള്ള ബന്ധുക്കൾ എത്തിയിരുന്നു. കൊല്ലാൻ ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും ഒളിപ്പിക്കാൻ സഹായിച്ചതിനാണ് രാഹുലിനെ മൂന്നാംപ്രതിയാക്കിയത്. എന്നാൽ, രാഹുലിനെതിരായ ആരോപണങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ല. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ ഹാജരായി.

أحدث أقدم