എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്…പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം….


        

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തിൽ ഗവര്‍ണറുമായി സമവായത്തിലെത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മിൽ എതിര്‍സ്വരം. വിസി നിയമന സമവായം ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനം ഉന്നയിച്ചു. എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചത് ഒറ്റയ്ക്കാണെന്നും പിഎംശ്രീക്ക് സമാനമായ ആക്ഷേപം വിസി നിയമന സമവായത്തിലും ഉയരുമെന്നും നേതാക്കള്‍ യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഗവർണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചപ്പോഴാണ് വിമർശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കള്‍ എതിര്‍ത്തു.

യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ല. രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു. വിസി നിയമനത്തിലെ സമവായം പാർട്ടിയും അറിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിസി നിയമനത്തിലെ വിട്ടുവീഴ്ച പാർട്ടി ചർച്ച ചെയ്തിരുന്നില്ല. ഗവർണറുമായി സമവായത്തിന് മുൻകയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും സമവായ നീക്കം പാർട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ മാത്രമാണെന്നുമായിരുന്നു വിമര്‍ശനം. അതേസമയം, യോഗത്തിൽ എതിർപ്പുയർന്നിട്ടും മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സർക്കാർ നിലപാട് ഇതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.


أحدث أقدم