ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐയുടെ നിർണായക നീക്കം




ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. കേരളാ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. സ്വർണത്തിൻ്റെ കാലപഴക്കം നിർണയിക്കുന്നതിനുള്ള എഫ് എസ് എൽ റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ, ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ മറ്റൊരു കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. സ്വർണക്കൊള്ളക്കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. കേസുകളുടെ എഫ്ഐആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ളവയുടെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഇവ നൽകാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.മോഹിത് ഉത്തരവിടുകയായിരുന്നു.


Previous Post Next Post