കെഎസ്‌യു വിനെ ഇറക്കി കളിപ്പിക്കുന്നു; ചെന്നിത്തലയുടെ നോമിനിക്കെതിരേ കൊടിക്കുന്നിൽ





കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ കെഎസ്‌യു പ്രസിഡന്റിനെ മുന്നിൽനിർത്തി അപകീർത്തിപ്പെടുത്തുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. രമേശ് ചെന്നിത്തലയുടെ നോമിനിയായി കെഎസ്‌യു ജില്ലാ പ്രസിഡന്റായ ആളാണ് തനിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. പത്തനാപുരത്ത് നിയമസഭയിൽ തോറ്റയാളിന്റെ ശുപാർശയിലാണ് നിയമനം. കൊട്ടാരക്കരയിലെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉയർത്തിയ ആക്ഷേപങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു എംപി. 

മുതിർന്ന നേതാവായ തന്നെ വെല്ലുവിളിക്കുക, ഡിസിസി പ്രസിഡന്റിനോട് ധിക്കാരപരമായി സംസാരിക്കുക, ഡിസിസി ഓഫീസിലേക്ക്‌ മാർച്ച് നടത്തുക ഇതൊക്കെയാണ് കെഎസ്‌യു പ്രസിഡന്റിന്റെ ശൈലി. മറ്റൊരു മണ്ഡലത്തിലുമില്ലാത്തവിധം കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കൊട്ടാരക്കരയിൽ സീറ്റുകൾ നൽകിയെന്നും എംപി പറഞ്ഞു. കേരള കോൺഗ്രസു(ബി)യുമായി ചേർന്നുനിന്ന കാലത്താണ് കോൺഗ്രസ് കൊട്ടാരക്കരയിൽ ഭരണത്തിലെത്തി യിട്ടുള്ളത്. നിലവിൽ പ്രബലമായ ഘടകകക്ഷികൾ കോൺഗ്രസിനില്ല.  

ഇവിടെ ന്യൂനപക്ഷ മേഖലകളിൽ ഇടതിനാണ് മേൽക്കൈ ലഭിച്ചത്. ഇത് പരിശോധിക്കും. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയില്ല. പത്തനാപുര ത്തെ നേതാവിന്റെ സ്വന്തം നാടായ അഞ്ചലിലെ വാർഡിൽ ജയിച്ചത് ബിജെപിയാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക്‌ തിരികെവരാൻ തനിക്ക് ആഗ്രഹമുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.
Previous Post Next Post