മാവേലിക്കര- എം.ഡി.എം.എ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കേസിലെ പ്രതിക്ക് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി 3 ജഡ്ജി പൂജ.പി.പി 10 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കായംകുളം കമലാലയം ജംഗ്ഷന് സമീപം മലവിളവടക്കതിൽ വീട്ടിൽ സഞ്ജു (34) നെയാണ് ശിക്ഷിച്ചത്. 2023 മെയ് മാസം 19ന് രാവിലെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘമാണ് പ്രതിയെ 84.24 ഗ്രാം എം.ഡി.എം.യുമായി വീട്ടിൽ നിന്ന് പിടികൂടിയത്. തൊണ്ടിമുതൽ സഹിതം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാനറ് ചെയ്തിരുന്നു. ഇയാളെ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ പാർപ്പിച്ചാണ് വിചാരണ നടത്തിയത്.
4 മയക്കുമരുന്ന് കേസുകളടക്കം 3 ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സഞ്ജു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും, 12 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ആദ്യമായാണ് പ്രതിയെ ക്രിമിനൽ കേസിൽ ശിക്ഷിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി.